2014, ജൂൺ 6, വെള്ളിയാഴ്‌ച

വട്ടം!

എന്‍റെ ബാല്യം
ഒരു വട്ടത്തിനുള്ളിലായിരുന്നു..
ഏട്ടന്മാരിലാരോ
മുറ്റത്തെ പൂഴിമണ്ണില്‍ വരച്ച
വെറുമൊരു ചെറുവട്ടത്തിനുള്ളില്‍..

ലക്ഷ്മണരേഖയ്ക്കുള്ളിലെ സീതക്കുട്ടിയെന്ന്
അച്ഛന്‍ കളിയാക്കിച്ചിരിച്ചു.
മാരീചനാരെന്നറിയാഞ്ഞിട്ടും
വട്ടത്തിനു പുറത്തിറങ്ങാനാകാതെ
കുന്തിച്ചിരുന്നു കരഞ്ഞു
ആ അഞ്ചുവയസ്സുകാരി !
ഞാനെന്ന പേടിക്കാരി !!

വെറുമൊരു വട്ടം മാത്രമാണതെന്നും
പുറത്തിറങ്ങി  നടക്കെന്നും
ആവോളം  പറഞ്ഞു, അമ്മ
കൈ  പിടിക്കാനേന്തി,  ചേച്ചിമാര്‍

പക്ഷെ,
പുറത്തിറങ്ങാന്‍  തുനിഞ്ഞ
കുഞ്ഞുകാല്‍
വിറപൂണ്ട്...
'ഇല്ലമ്മേ, ആരെങ്കിലും മായ്ക്കണേ, ഈ വട്ടം....'
അച്ഛന്‍റെ ഈര്‍ഷ്യ പാഴ്‌വാക്കായി..
അമ്മുമ്മ മെല്ലെ പിറുപിറുത്തു
'എന്തു വിഡ്ഡിയാണിക്കുട്ടി!!'
ഒടുവില്‍ ആരോ മായ്ച്
ഇല്ലാതായ വട്ടത്തിലേക്കു തിരിഞ്ഞുനോക്കി
നിന്നു കിതച്ചു ഞാന്‍ "ഹാവൂ....!"

കളി മതിയാക്കി  കാണികള്‍ പിരിഞ്ഞു
കളിയില്‍ രസംപൂണ്ട ഏട്ടന്മാര്‍
പിന്നെയും പിന്നെയും
വട്ടങ്ങള്‍ തീര്‍ത്തു
ചുറ്റിലും മുതിരും വരെ..

വട്ടങ്ങള്‍ കാണുമ്പോള്‍
ഏട്ടനെ കാണുമ്പോള്‍
ഓടിയോളിച്ചോരാ ബാല്യം
മറഞ്ഞേ പോയ്‌..

മുതിര്‍ന്നു ഞാന്‍ (?) എങ്കിലും
ആരോ വരച്ചൊരദൃശ്യമാം ആ വട്ടം
അങ്ങനെ തന്നെയെന്‍ ചുറ്റിലും
മായാതെ ആരാലും മായ്ക്കാതെ
ഇന്നും അശാന്തിയായ്‌...

എനിക്ക് ശ്വാസം മുട്ടുന്നു..!
ഒന്നീ വട്ടം മായ്ക്കുമോ?
സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
പുറത്തിറങ്ങണം,
ഇല്ലാവട്ടത്തെ തിരിഞ്ഞുനോക്കി
കിതയ്ക്കണം,
എനിക്ക്, മതിയാവോളം..! 

14 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞു പോന്ന ബാല്യങ്ങളില്‍ വട്ടങ്ങള്‍ ധാരാളമായിരുന്നെങ്കില്‍ ഇന്നത്തെ ബാല്യങ്ങളില്‍ വട്ടങ്ങള്‍ക്ക് വളരെ കുറവ് വന്നിട്ടുണ്ട്. ഇന്നത്തെ ബാല്യങ്ങള്‍ നാളത്തെ വട്ടമില്ലായ്മയില്‍ ഇതുപോലെ തന്നെ പറയും. സ്വാഭാവികമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കയാണ് നമുക്ക് ചുറ്റും. സ്വാഭാവികമായ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നിരിക്കലും ആ മാറ്റങ്ങളെ സ്വാഭാവികമായ പരിണാമങ്ങള്‍ സംഭവിക്കുന്നത്‌ വരെ കാത്തിരിക്കാന്‍ കഴിയാത്ത മനുഷ്യന്റെ കൊതിയും ആ മാറ്റം നേരത്തെ അനുഭവിക്കാനുള്ള ജിജ്ഞാസയും ഒരു പരിധി വരെ നമ്മുടെ സംസ്ക്കാരവുമായി കലഹിക്കുന്ന കാഴ്ചകളാണ് ഇന്നെങ്ങും നമ്മള്‍ കാണുന്നത്.
    വട്ടങ്ങള്‍ ഇനിയും കുറഞ്ഞുവരട്ടെ
    കാത്തിരിക്കാം..
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. എത്ര സ്വന്തന്ത്രയനെങ്കിലും തൻ ബന്ധനസ്ഥയാണെന്ന ഒരു തോന്നൽ എല്ലാ പെണ്ണിലും മറഞ്ഞിരിക്കുന്നു... !
    നന്നായി..

    മറുപടിഇല്ലാതാക്കൂ
  3. ഈ വട്ടം വരച്ചത് ഏട്ടന്മാർ മാത്രമായിരുന്നോ.പെങ്ങൾ ഈ വട്ടം മാത്രം കണ്ടാൽ മതിയെന്ന് പറഞ്ഞതിൽ ചുറ്റുവട്ടത്തെ കാരണവര്മാരും ഉണ്ടായിരുന്നില്ലേ

    മറുപടിഇല്ലാതാക്കൂ
  4. കവിതയിലെ ആശയം ഇഷ്ടപ്പെട്ടു. വരികൾ കുറച്ചു കുടി ചുരുക്കാമായിരുന്നു എന്ന് തോന്നി.

    നമ്മൾ മനുഷ്യരുടെ കാര്യം ഇങ്ങനെയൊക്കെയാണ്. വട്ടത്തിൽ ഒതുങ്ങി ജീവിക്കുന്നതിനു നമുക്കാർക്കും താല്പര്യമില്ല. എന്നാലോ, നാമെല്ലാവരും പരസ്പരം വൃത്തങ്ങൾ വരച്ചു കൊണ്ടിരിക്കുകയും ചെയ്യും. പുരുഷനു ആധിപത്യമുള്ളതുകൊണ്ട്, സ്ത്രീകൾക്കു ചുറ്റുമുള്ള വൃത്തങ്ങൾ കൂടുതലാണെന്നു മാത്രം. സ്വയമുള്ള അതിരു കടന്ന വിശ്വാസവും മറ്റുള്ളവരിലുള്ള വിശ്വാസമില്ലായ്മയും തന്നെ ഇത്തരം വൃത്തങ്ങൾ തീർക്കുന്നതിനു പിന്നിലുള്ള മനോവികാരം.



    മറുപടിഇല്ലാതാക്കൂ
  5. കുറെയേറെ വട്ടങ്ങള്‍ നമുക്ക് ചുറ്റും നമ്മള്‍ തന്നെയാണ് തീര്‍ക്കുന്നത്...

    മറുപടിഇല്ലാതാക്കൂ
  6. തെരുവുനായിക്കൾക്ക് സ്വാതന്ത്ര്യമുണ്ട് സുരക്ഷയില്ല. കൂട്ടിലടയ്ക്കപ്പെട്ട നായ്ക്കൾക്ക് സുരക്ഷയുണ്ട് സ്വാത്രന്ത്ര്യമില്ല. ചില മനുഷ്യജന്മങ്ങളും അതുപോലെയാണ്‌. മനുഷ്യർക്ക് ഉണ്ടായിരിക്കണമെന്നുപറയുന്ന സ്നേഹം, പരസ്പരവിശ്വാസം എന്നിവയോക്കെ കൈമോശം വരുന്നിടത്ത് മനുഷ്യർ മനുഷ്യരെ ഭയന്ന് മനുഷ്യരെ ബന്ധിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. കവിതയില്‍ വൃത്തം ഇല്ലെങ്കിലും
    എഴുതിയതില്‍ ഇതിവൃത്തം ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  8. എല്ലാം തോന്നലാണ് ,ഇറങ്ങി വരൂ ആ സാങ്കല്‍പ്പിക വട്ടത്തിനകത്ത് നിന്നും .

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  10. ഒരു പരിധി വരെ വൃത്തങ്ങള്‍ നല്ലതാണ്, അത് ആണിനായാലും പെണ്ണിനായാലും. ആണിനു ചുറ്റും ഉള്ള വൃത്തങ്ങള്‍ ടീനേജ് കഴിയുമ്പോള്‍ തനിയെ മാഞ്ഞുപോകുന്നു, എന്നാല്‍ പെണ്ണിന് ചുറ്റുമുള്ള വൃത്തങ്ങള്‍ അവളുടെ മരണം വരെ കാണും, വരയ്ക്കുന്ന ആളുകള്‍ മാത്രം മാറിക്കൊണ്ടിരിക്കും എന്ന് മാത്രം.
    പിന്നെ, വളയമിട്ടു ചാടി പഠിച്ചാല്‍ പിന്നെ വളയമില്ലാതെയും ചാടാം എന്നല്ലേ? :)

    മറുപടിഇല്ലാതാക്കൂ
  11. എനിക്ക് ശ്വാസം മുട്ടുന്നു..!
    ഒന്നീ വട്ടം മായ്ക്കുമോ?
    സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
    പുറത്തിറങ്ങണം,
    ഇല്ലാവട്ടത്തെ തിരിഞ്ഞുനോക്കി
    കിതയ്ക്കണം,
    എനിക്ക്, മതിയാവോളം..!nallatha etha ashamskal

    മറുപടിഇല്ലാതാക്കൂ
  12. ഒരു വട്ടം നല്ലതാണ്. . വെട്ടമുള്ള വട്ടം.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. വട്ടം വീർപ്പുമുട്ടിക്കുമെങ്കിലും അതിനുള്ളിൽ കുടുംബത്തിന്റെ സുരക്ഷയുണ്ട്‌.

    എഴുതിയിട്ട്‌ ഒരു വർഷമായല്ലോ.എഴുതൂ.

    മറുപടിഇല്ലാതാക്കൂ