2014, മേയ് 19, തിങ്കളാഴ്‌ച

യാത്രയിൽ നാം ശിശുവാകുന്നു. ഓരോ യാത്രയും കുട്ടിത്തത്തിലേക്കുള്ള തിരിച്ചുപോക്കാണ്. മാലിന്യങ്ങൾ മുഴുവൻ കഴുകിക്കളഞ്ഞ് മനസ്സിനെ നിർമലമാക്കുകയാണവ.

ഒന്നിനേക്കുറിച്ചും വേവലാതിപ്പെടാതെ, സമയമോ കാലമോ ദേശമോ വേർതിരിച്ചെടുക്കാൻ ശ്രമിക്കാതെ, നിർമലമായ, കുട്ടിത്തത്തിനുമാത്രം സ്വന്തമായുള്ള ഒരവസ്ഥയിലൂടെയാണു യാത്രകൾ നമ്മെ കൊണ്ടുപോകുന്നത്. അതിന് ആദിയും അന്തവുമില്ല. അനാദിയായ ഓരോയാത്രയിലും മനസ്സ് പഞ്ഞിക്കീറുപോലെ ഒഴുകിനീങ്ങുകയാണ്. കനമേതുമില്ലാതെ...

പ്രതീക്ഷിക്കാത്ത വേളയിൽ മനസ്സിലേക്കോടിയെത്തുന്ന ഓർമകൾക്ക് തിളക്കം കൂടും. ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോഴാകട്ടെ, പലതും പിടിതരാതെ തെന്നിമാറുകയും ചെയ്യും. എങ്കിലും യാത്രകളുടേതായ ആ ഓർമകൾ, പഞ്ഞിക്കീറുപോലെ കനമില്ലാത്ത ആ ഓർമകൾ അനുഭവത്തേക്കാളുപരി, അ.....................................................ണ്. അത്, അതേ അളവിൽ, സ്വാനുഭവത്തിന്റെ അതേ തീവ്രതയോടെ മറ്റുള്ളവരിലേക്ക് പകരാൻ കഴിയുമ്പോഴാണ് യാത്രാവിവരണക്കാരൻ വെറും വിവരണക്കാരനല്ലാതാവുന്നത്. പകരം, അയാൾ ഹൃദയത്തോടു സംവദിക്കുന്നവനാകുന്നത്.

ഈ അർഥത്തിൽ ഹൃദയത്തോട്, അല്ല, ഉള്ളിലേക്കിറങ്ങിവന്ന് മന്ത്രിക്കുകയാണ് ജോസ് കെ. ശാന്തിനഗർ. "വരുന്നോ, പഞ്ഞിക്കീറുകളായി ഒഴുകിനീങ്ങാൻ.....?" എന്നാണ് ആ മന്ത്രണം. അനുവാചകൻ തലയാട്ടുന്നതോടെ തുടങ്ങുകയായി കാലാന്തരങ്ങളില്ലാത്ത, ദേശാന്തരങ്ങളില്ലാത്ത ആ യാത്ര! കാശിയിലൂടെ, ഋഷികേശിലൂടെ, ഹിമാലയശൃംഗങ്ങളിലൂടെ... അപ്പോൾപിന്നെ എഴുത്തുകാരനില്ല, വായനക്കാരനില്ല..

അടിയിലെ ചരൽക്കല്ലുകൾ തെളിഞ്ഞുകാണുംവിധം നേർത്തൊഴുകുന്ന പുഴപോലെയാണ് ഈ കൃതി. തട്ടും തടവുമില്ല. നേർത്ത, പതിഞ്ഞ താളത്തിലുള്ള ഒഴുക്കു മാത്രം!

-----------------------------------------------------------------------------------------------------------
15 വർഷങ്ങൾക്കുമുൻപ്, ഒരു സഞ്ചാരരേഖയ്ക്ക് ഞാനെഴുതിയ ആസ്വാദനമാണിത്. ജോസ് കെ. ശാന്തിനഗറിന്റെ 'ഖോ വാദിസ്'. വർഷങ്ങൾക്കുശേഷം വീട് പെയിന്റിംഗിനായി, പഴയ പുസ്തകങ്ങൾ വലിച്ചുവാരി പുറത്തിട്ടപ്പോൾ അവിചാരിതമായി കൈയിൽ തടഞ്ഞപ്പോഴുണ്ടായ ആഹ്‌ളാദവും അത്ഭുതവും പറഞ്ഞറിയിക്കാൻ വയ്യ! പക്ഷെ, എന്റെ ആസ്വാദനത്തിന്റെ ചില ഭാഗങ്ങൾ ചിതലരിച്ച് വായിക്കാൻ പറ്റാതായിരുന്നു. വളര കഷ്ടപ്പെട്ട് വായിച്ചെടുത്തവയാണു മുകളിൽ.... 

എന്നിട്ടും പിടിതരാതെ ഒരുവാക്കുമാത്രം വല്ലാത്ത അസ്വസ്ഥതയായി....  ആർക്കെങ്കിലും ഊഹിക്കാനാവുമോ, ഞാനെന്തായിരുന്നു എഴുതിയതെന്ന്?!

2014, മേയ് 8, വ്യാഴാഴ്‌ച


വന്യം.. വർഷം.. അവർണനീയം...

നിഗൂഢവനഭംഗിയിലൂടെ നിറഞ്ഞുപെയ്യുന്ന മഴയിൽ അതീവഹൃദ്യമായൊരു മലയിറക്കം..! വഴിവക്കിലെ മരങ്ങൾ തണുത്തുണർന്ന ഇലക്കൈകൾ വീശി, കാറ്റിനൊപ്പം ആനന്ദനൃത്തം ചെയ്യുന്നു.. പച്ചപ്പിന്റെ വശ്യമനോഹരകാഴ്ച, അങ്ങുതാഴെ അഗാധതവരെ..!

കാറിന്റെ മുൻവശത്തെ ചില്ലിൽ ആലിപ്പഴങ്ങൾ വീണു തെന്നിമാറുന്നു.. ചിലത് ചില്ലിൽ വീഴുമ്പോഴേക്കും അലിഞ്ഞില്ലാതാവുന്നു. ചിലത് ശക്തിയായി ചില്ലിൽ പതിച്ച് ദൂരേക്കു തെറിച്ചുവീഴുന്നു. ഞാൻ കാറിന്റെ സൈഡ് ഗ്ലാസ്സ് മുഴുവനായും താഴ്ത്തി. നിമിഷങ്ങൾക്കകം സാമാന്യം വലിയൊരു മേഘക്കഷ്ണം പാതയോരത്തെ മരത്തിൽ തട്ടി സീറ്റിലേക്കു വീണു. ഞാനതിനെ അരുമയായി കൈക്കുടന്നയിലെടുത്ത് കണ്ണിലും കവിളിലും ചേർത്തു. ഒന്നിനു പിറകെ ഒന്നായി പിന്നെയും ഐസിൻ കഷ്ണങ്ങൾ വാഹനത്തിനകത്ത്.

ഇത്രയേറെ മനസ്സിലേക്കിറങ്ങിപ്പെയ്ത ഒരു മഴയാത്ര എനിക്കിന്നുവരെ ഉണ്ടായിട്ടില്ല.

കാറിന്റെ മുൻസീറ്റിൽ എന്റെ ഭർത്താവ് ഫൈസൽക്കയും, ഞങ്ങളുടെ കുടുംബസുഹൃത്തും ഇന്നത്തെ യാത്രയുടെ തേരാളിയുമായ നിസാർ ബാബുവും. (മുക്കം കേന്ദ്രമായുള്ള പ്രാദേശികചാനലിന്റെ എഡിറ്ററാണു നിസാർ ബാബു.) നടുവിലെ സീറ്റിൽ ഞാൻ തനിയെ.. പുറകിൽ മോൻ, പുറത്തെ മഴക്കാഴ്ചയിൽ മാത്രം ശ്രദ്ധിച്ച്.. ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും അവനവന്റേതുമാത്രമായ മഴലോകത്തിൽ...


മഴ ശക്തി പ്രാപിക്കുകയാണ്, കാറ്റും... മരക്കൂട്ടങ്ങൾ അപകടകരമാംവിധം ആടിയുലയുന്നു. ഏതെങ്കിലും ഒരു മരക്കൊമ്പൊടിഞ്ഞ് റോഡിനു കുറുകെ വീണാൽ യാത്ര മതിയാക്കേണ്ടിവരും. വാഹനത്തിനു മുകളിലേക്കായാൽ ഒരുപക്ഷേ, ജീവിതം തന്നെയും. നിസാർ അധികം മരങ്ങളില്ലാത്ത ഒരിടത്ത് വാഹനം ഒതുക്കിനിർത്തി.

മുകളിൽ ഡാംസൈറ്റിൽ ഒരുപാട് വാഹനങ്ങൾ കുന്നിറങ്ങിവരാനുണ്ട്. ഞങ്ങളാണെന്നുതോന്നുന്നു, ആദ്യം ഇറങ്ങാൻ തുടങ്ങിയവർ.

അഞ്ചുമണിവരെ മാത്രമേ സന്ദർശകർക്ക് പ്രവേശനപാസ്സ് നൽകൂ. താഴെ ചുരം തുടങ്ങുന്നിടത്തുനിന്നുവേണം പാസ്സ് എടുക്കാൻ. അഞ്ചുമണിക്ക് കൗണ്ടർ അടയ്ക്കും.

സമയം അഞ്ചര കഴിഞ്ഞു. ഇപ്പോഴും മുകളിലേക്ക് വാഹനങ്ങൾ കയറിവരുന്നുണ്ട്. ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച്, നീട്ടി ഹോൺ  മുഴക്കി.. അഞ്ചുമണിക്കുമുന്നേ പാസ്സ് എടുത്തവർ ആകും. അവിചാരിതമായി പെയ്ത മഴയിൽപെട്ട് വഴിയരികിൽ പലതവണ നിർത്തി പതുക്കെ ചുരം കയറുകയാണ്. ആറുമണിക്ക് ഡാംസൈറ്റ് പ്രവേശനവും നിർത്തും. ഇവർക്കു ഡാംസൈറ്റ് കാണാനാവുമോ എന്നതായിരുന്നു എന്റെ ആശങ്ക!

ദൂരെ നാലോ അഞ്ചോ ബൈക്കുകൾ നിന്നു മഴകൊള്ളുന്നു. യാത്രക്കാരെ കാണാനില്ല. മഴനനയാതിരിക്കാൻ ഏതെങ്കിലും മരത്തിനുകീഴെ മാറിനിന്നതാവാം.

ചുരത്തിനുമുകളിൽനിന്നുള്ള മഴക്കാഴ്ചയെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്..?! മഴയിൽ കുളിച്ചുനിൽക്കുന്ന കാടിനെ, പച്ചപ്പിന്റെ സമൃദ്ധിയെ എങ്ങനെയാണു വർണിക്കേണ്ടത്..!! തണുത്തൊലിച്ച് ഏന്തിവലിഞ്ഞ്, പയ്യെപ്പയ്യെചുരം കയറുന്ന വാഹനങ്ങളെ എന്തിനോടാണ് ഉപമിക്കേണ്ടത്....!!

കക്കയത്ത് ഡാംസൈറ്റും ഉരക്കുഴി വെള്ളച്ചാട്ടവുമല്ലാതെ മറ്റു പറയത്തക്ക കാഴ്ചകളൊന്നുമില്ല. വനഭംഗിയിലൂടെയുള്ള, പ്രകൃതിയെ നേരിൽ അറിഞ്ഞുകൊണ്ടുള്ള ഈ യാത്രതന്നെ ഏറെ ആസ്വാദ്യകരം. കോഴിക്കോട് നഗരത്തിൽ നിന്നും 60 കി.മീ യാത്രയുണ്ടാകും കക്കയത്തേക്ക്. ചുരം മാത്രം 15 കിലോമീറ്ററോളം.

ചുരം തുടങ്ങുന്നതിനു മൂന്നുകിലോമീറ്റർ ഇപ്പുറത്തായി കരിയാത്തുമ്പാറയിൽ മനോഹരമായൊരു നാട്ടുകാഴ്ചയുണ്ട്. ആൽബംഷൂട്ടിംഗുകാരുടെ ഇഷ്ടപ്രദേശം. പ്ച്ചപ്പുൽത്തകിടിയുടെ മധ്യത്തിലായി തിളങ്ങുന്ന നീലത്തടാകം. പുൽപ്പരപ്പിൽ അലസമായും കൂട്ടമായും മേയുന്ന കാലികൾ. നാലുചുറ്റും മഞ്ഞും കോടയും പുതച്ച മലകൾ. നാടൻ സ്വിറ്റ്സർലന്റ് എന്നാണത്രെ ഇതിന് വിളിപ്പേര്. പ്രപഞ്ചശില്പിയുടെ അതിമനോഹരമായൊരു പെയിന്റിംഗ്!

കാറ്റ് തെല്ലൊന്നു ശമിച്ചപ്പോൾ ഞങ്ങൾ യാത്ര തുടർന്നു. എന്റെ ഊഹം ശരിയായിരുന്നു. ബൈക് യാത്രികർ മഴ നനയാതിരിക്കാൻ കയറിനിന്നതായിരുന്നു. പക്ഷെ, മരത്തിനു കീഴെയല്ലെന്നു മാത്രം. ഗുഹപോലെ വലിയൊരു പാറതീർത്ത മേൽക്കൂരയ്ക്കുചോടെ... കോളേജ് വിദ്യർത്ഥികളാണ്. 'വീക്കെൻഡ്' ഉല്ലാസത്തിനെത്തിയവരാകണം. ഞാൻ അവരെ നോക്കി വെറുതെയൊന്നു ചിരിച്ചു.

താഴ്‌വാരത്തിലെത്തിയപ്പോഴേക്കും മഴ ശമിച്ചിരുന്നു. പക്ഷെ, വഴിവക്കിലെ മരങ്ങൾ ഇപ്പോഴും പെയ്യുന്നുണ്ട്.

വാഹനത്തിൽ എനിക്കേറെ ഇഷ്ടപ്പെട്ട പാട്ട്. "ഇസ്രായേലിൻ നാഥനായി വാഴും ദൈവം........"