2012, ജൂലൈ 27, വെള്ളിയാഴ്‌ച

എവിടെപ്പോയി ഈ അത്താഴംമുട്ടികള്‍ ...?


ഇന്ന് നോമ്പ് ആറാം നാള്‍.. ഇനി കൂടിയാല്‍ ഇരുപത്തിനാല് നോമ്പ് കൂടി..
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോകുന്നത്..! കഴിഞ്ഞ തവണ നോമ്പ് നോറ്റത്  ദാ , ഇന്നലെയാനെന്നു തോന്നുന്നു.

നോമ്പിനെക്കുറിച്ചുള്ള ഓര്‍മ തുടങ്ങുന്നത് 'അത്താഴം മുട്ടി'കളില്‍ നിന്നാണ്. ഇന്ന് അങ്ങനെയൊരു പദം പോലും ആരെങ്കിലും ഓര്‍ക്കുന്നോ, ആവോ !

 'അത്താഴം മുട്ടി'കളെന്നാല്‍ മുട്ടിപ്പാടി പുലര്‍ച്ചെ വീടുകളിലെത്തി വിളിച്ചുണര്‍ത്തുന്നവര്‍ എന്നര്‍ത്ഥം.
ഇനിയും മനസ്സിലാകാത്തവര്‍ക്ക് ദാ , പറയാം.

"നോമ്പ് ന്നാവ്വോ കദീസ്വോ "

"ആരിക്കറിയാ.. മാസം കണ്ട്‌ന്നങ്ങട് ഒറപ്പായാ ഒര് പുട്തം ക്ട്ടീനി.. യാ അല്ലാഹ് .. ന്ന് മാസം കാണണേ "

പ്രാര്‍ത്ഥിക്കുകയാണ്. ഇന്ന് മാസപ്പിറവി കണ്ടിരുന്നെങ്കില്‍. ആ പുണ്യമാസം എത്രയും വേഗം അരികിലണഞ്ഞെങ്കില്‍ !

"പള്ളിക്കല്‍ന്ന് ഒന്നും പറഞ്ഞിട്ട്ല്ലാലോ "

"ബേജാറാവല്ലേന്നും പാത്ത്വോ. എത്ത് ര ബെയ്കി മാസം കണ്ടാലും അത്തായം മുട്ടികളില്ലേ ബിളിച്ചോണത്താന്‍ "

അതാണ്‌ വിശ്വാസം. വേണമെങ്കില്‍ പെണ്ണുങ്ങള്‍ക്കെല്ലാം പോയിക്കിടന്നു സുഖമായുറങ്ങാം.എന്നാലും ഉറക്കം വര്വോ? റമദാന്‍ ആണ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുന്നത്.

ആണുങ്ങളാരും വീട്ടിലുണ്ടാകില്ല... അറിയാന്‍ പോയതാണ്. എന്ത്? മാസം കണ്ടോന്ന്. മാനത്ത് ചന്ദ്രിക കണ്ടാലേ റമദാന്‍ പിറന്നത് തീര്‍പ്പ് കല്പിക്കാനാവു.

നാട്ടില്‍ ചുരുക്കം വീടുകളിലേ റേഡിയോ ഉണ്ടാവൂ.ഫോണ്‍ പ്രമുഖ പള്ളികളില്‍ മാത്രം. ടിവി ഇല്ലേയില്ല.

അടുത്ത് റേഡിയോ ഉള്ള വീട്ടിലാവും നാട്ടിലെ ആബാലവൃദ്ധം ആണുങ്ങളും.  പെണ്ണുങ്ങള്‍ ആണുങ്ങളെ കാത്ത് വീടിന്‍റെ ഉമ്മറപ്പടിയിലും... ചിലപ്പോള്‍ സൗകര്യത്തിന് റേഡിയോ പള്ളിയില്‍ കൊണ്ടുവെച്ചിട്ടുണ്ടാവും.

"ആകാശവാണി.. ഒരു പ്രത്യേക അറിയിപ്പ്.. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് റംസാന്‍ മാസപ്പിറവി കണ്ടതായി സംയുക്ത ഖാസിമാരായ..."
"അല്‍ഹംദുലില്ലാ ...മാസം കണ്ടേ.." പിന്നെ ഒരാര്‍പ്പാണ്. മാസപ്പിറവി വാര്‍ത്തയ്ക്കായി പള്ളിയില്‍ കാതുകൂര്‍പ്പിച്ചിരുന്ന കുട്ടികളെല്ലാം ഇറങ്ങിയോരോട്ടമാണ്. വാര്‍ത്ത നാടുനീളെ അറിയിക്കാന്‍.

കുന്നിനുതാഴെ വളവു തിരിഞ്ഞെത്തുന്ന കുട്ടിപ്പട്ടാളത്തിന്‍റെ ആര്‍പ്പുവിളി ദൂരെനിന്നു കേള്‍ക്കുമ്പോഴേ വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ കാര്യം മനസ്സിലാകും. വിളക്കിനു ചുറ്റുമിരുന്ന് ഉറക്കംതൂങ്ങുകയായിരുന്ന ഞങ്ങള്‍, പെണ്‍കുട്ടികള്‍ ആരവം കേള്‍ക്കുമ്പോഴേ ചാടിയെണീക്കും.

"നോമ്പായീ...ല്ലുമ്മാ..?"

പ്രതീക്ഷയോടെ നോക്കുന്ന ഞങ്ങള്‍ക്ക് മറുപടി തരാതെ ഉമ്മമാരും ഇത്താത്തമാരും ആണുങ്ങളുടെ വട്ടം കൂടും.

"ആരേ കണ്ടീന്യേ..? എബ്ടാ..? ങേ.. കോയിക്കോട്ടെ കടപ്രത്താ..?"

വിശദവിവരങ്ങള്‍ കേട്ടാലും മതിയാവില്ല ഉമ്മമാര്‍ക്ക്, ഞങ്ങള്‍ക്കും.

"എന്നാ ചോറ് വെച്ചിട്ട് കെടക്കാ ല്ലേ, കുഞ്ഞീബീ..? "

ഉമ്മ കുഞ്ഞീബീ താത്താനോട് അഭിപ്രായം ചോദിക്കുകയാണ്..ചോറ് വേവിച്ചു വെച്ചിട്ട് കിടക്കണോ അതോ, പൊലച്ചക്ക്(പുലര്‍ച്ചെ) എണീറ്റ് വെച്ചാല്‍ മതിയോ എന്ന്.

"പൊലച്ചക്ക് ബെച്ചാ  മതി. അന്നേരം ബെച്ച ചോറിനെ ഒരുസാറ്ണ്ടാവു.."

ഉപ്പയുടെ ആജ്ഞയാണ്.. അനുസരിക്കുകയല്ലേ നിവൃത്തിയുള്ളൂ.

എന്നാലും ഉമ്മയും കുഞ്ഞീബീ താത്തയും  ആസ്യത്താത്തയുമൊന്നും ഉറങ്ങാന്‍ പോകില്ല. ചര്‍ച്ചയാണ്. അത്താഴത്തിനെന്തൊക്കെ കറികള്‍ വേണം. ഇറച്ചിക്കറിയില്ലാതെ   ഉപ്പയ്ക്ക് ചോറിറങ്ങില്ല .പിന്നെ തലോമ്പിന്‍റെ പൊലച്ചയല്ലേ, കാര്യായിട്ടെന്തെങ്കിലും കറിയൊരുക്കണം .

"കുട്ട്യോളെന്താ നോക്കി നിക്കണ്..?പോയി കേടക്കീ എല്ലാരും..  പൊലച്ചക്ക് ചോറ് ബെയ്ക്കാന്‍ എണീക്കണ്ടതാ ..ഇപ്പൊ കെടന്നീല്ലെങ്കി  ആരേം ബിളിക്കുലാ ട്ടോ.."

ഭീഷണി ഞങ്ങളുടെ നേരെയാണ്. ഒന്നും മിണ്ടാതെ പായില്‍ വന്നു കിടന്നാലും ഞങ്ങള്‍ക്കെങ്ങനെ ഉറക്കം വരാന്‍?

അടുക്കളയില്‍ ഉമ്മമാരും ഇത്താത്തമാരും  പൊരിഞ്ഞ ചര്‍ച്ചയിലാണ്. അത്താഴത്തിനെന്തൊക്കെ കറികള്‍ വേണം എന്ന് തുടങ്ങിയ സംസാരം കഴിഞ്ഞ കൊല്ലത്തെ നോമ്പില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ തവണ നോമ്പ് നോറ്റവരില്‍ ആരൊക്കെ പോയീന്നും ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നും ആരെയൊക്കെ  കെട്ടിച്ചുവിട്ടെന്നും.

" യാ റബ്ബീ..വര്ന്ന നോമ്പിന് ആരോക്കെയുണ്ടാവുന്നു ആര്ക്കറിയാ .. തമ്പുരാനേ, കാത്തോളണേ.. നോമ്പ് നോല്‍ക്കാനുള്ള അനുഗ്രഹം തന്ന്, ഒടുക്കം ഈമാനോടെ മരിപ്പിച്ച് ജന്നത്തുല്‍ ഫിര്‍ദൌസില്, അള്ളാ , ഞങ്ങളെ ഒരുമിച്ച് കൂട്ടണേ .."

"ആമീന്‍"  ഉമ്മയുടെ പ്രാര്‍ത്ഥനയില്‍  ഇത്താത്തമാരും പങ്കുചേര്‍ന്നു.

കിടന്നിട്ട് ഉറക്കം വരുന്നതേയില്ല. ഇക്കുറി മുഴുവന്‍ നോമ്പും നോല്‍ക്കണം. കഴിഞ്ഞകൊല്ലം പന്ത്രണ്ട് നോമ്പേ പിടിക്കാനായുള്ളൂ..

മുതിര്‍ന്നവര്‍ സമ്മതിക്കാഞ്ഞിട്ടാണ്. കുട്ടികള്‍ക്കിത്ര മതീന്നും പറഞ്ഞ്.
വാശിപിടിച്ചു കരഞ്ഞിട്ടും അത്താഴത്തിന് വിളിച്ചെണീപ്പിക്കാതെ. അടുക്കളയിലെ ഒച്ച കേട്ട് ഉണര്‍ന്നു ചെന്നാലും ചോറ് തന്ന് 'നിയ്യത്ത് ' ചൊല്ലിത്തരാതെ. 

ഇക്കുറി അതുപോരാ. 'നിയ്യത്ത്' കാണാപാഠം പഠിച്ചിട്ടുണ്ട്.   'നവൈത്തു സൗമ അദിന്‍ അന്‍ അദാഇ ഫര്‍ളി റമളാനീ ഹാദിഹിസ്സിനത്തി ലില്ലാഹിതആലാ' (റംസാന്‍ മാസത്തിലെ നാളത്തെ നിര്‍ബന്ധമാക്കപ്പെട്ട നോമ്പിനെ അള്ളാഹുതആലയ്ക്ക് വേണ്ടി ഞാന്‍ നോറ്റുവീട്ടുന്നു ) 

നിയ്യത്ത് ചൊല്ലി അത്താഴമുണ്ടാലെ നോമ്പ് ശരിയാകൂ. ഇക്കുറി മദ്രസയിലെ കൂട്ടുകാരെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കണം.മുസ്ഹഫും ഓതണം.

ഉറക്കമുണര്‍ന്നത്   'അത്താഴം മുട്ടി'കളുടെ ബഹളം കേട്ടാണ്. 

വീടിനു മുന്നിലെത്തിയിരിക്കുന്നു. കുഞ്ഞാലിക്കയാണ് പെട്രോള്‍മാക്സ് പിടിച്ചിരിക്കുന്നത്. മുട്ടുന്നത് ഹസ്സന്‍ കുട്ടിക്കയും  അത്രുമാന്ക്കയും .അവര്‍ക്ക് മുന്നിലും പിന്നിലുമായി കുട്ടികളുടെ ഒരു പട തന്നെയുണ്ട്. കൂട്ടത്തില്‍ കുഞ്ഞീബീ താത്തയുടെ മോന്‍ ബിച്ചുവും എളാപ്പാന്റവിടത്തെ കുഞ്ഞാക്കയും 


പൊലച്ചക്ക് ചോറ് ബെയ്ക്കാന്‍ ഉണരാന്‍ മറക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ വേണ്ടിയാണ് അത്താഴം മുട്ടികള്‍ ഇങ്ങനെ മുട്ടും പാട്ടുമായി നടക്കുന്നത്. വിളിക്ക   മെന്നില്ല,  'അത്താഴം മുട്ടി'കളുടെ ആരവം ദൂരെനിന്നു കേള്‍ക്കുമ്പോഴേ ആരും എണീറ്റുപോകും. അത്രയ്ക്കാണ് കോലാഹലം!!


'അത്താഴം മുട്ടി'കള്‍ക്ക് വീട്ടില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്.  വറുത്ത പപ്പടത്തില്‍നിന്നു ഒരുപങ്കെടുക്കാം. ഇറച്ചി വരട്ടുകയാണെങ്കില്‍ ഒന്നോ രണ്ടോ കഷ്ണമെടുത്തു വായിലിടാം. അപ്പമോ അവിലോ ഉണ്ടെങ്കില്‍ അതും അവര്‍ക്കവകാശപ്പെട്ടത്. പിന്നെ ഉപ്പയുടെ വക പൂവമ്പഴവും ചിലപ്പോള്‍ ചില്ലറയും

'അത്താഴം മുട്ടി'കള്‍ പടികടന്ന് അകന്നുപോകുമ്പോള്‍ എന്തോ ഒരു വേദനയായിരുന്നു.

ഇന്നിപ്പോ എവിടെപ്പോയി, ആ 'അത്താഴം മുട്ടി'കളൊക്കെ? ഒരിക്കലും തിരിച്ചു വരാത്തവണ്ണം പടിയിറങ്ങിപ്പോയില്ലേ 'അത്താഴം മുട്ടി'യെന്ന വാക്കുപോലും..!!

ഞങ്ങള്‍, കുട്ടികള്‍ തമ്മില്‍ മത്സരമായിരുന്നു നോമ്പ് നോല്‍ക്കുന്ന കാര്യത്തില്‍. നോറ്റാല്‍  മാത്രം പോരാ. അത് 'ശുദ്ധ'മാവുകയും വേണം. അതിനുള്ള ഉത്തമതെളിവായിരുന്നു നീട്ടിതുപ്പലുകള്‍. ആകാവുന്നത്ര നീട്ടിത്തുപ്പി നോമ്പിന്‍റെ 'ശക്തി' കാണിച്ചുകൊടുക്കാനും മത്സരം.

ഇങ്ങനെ നീട്ടിത്തുപ്പി നോമ്പ് തെളിയിക്കുന്നതില്‍ മിടുക്കിയായിരുന്നു, സഫിയ. 'നുപ്പത്‌' നോമ്പും നോറ്റെന്നു പെരുന്നാള്‍ ദിനത്തില്‍ സഫിയ പ്രഖ്യാപിക്കുമ്പോള്‍ എത്ര ആദരവോടെയാണെന്നോ ഞങ്ങള്‍ അവളെ നോക്കിയിരുന്നത്! മദ്രസയുടെ മുറ്റം മുഴുവന്‍ സഫിയ തുപ്പി നിറച്ചിരിക്കും. നുരത്തുപ്പല്‍!

(എനിക്കൊരിക്കലും നീട്ടിത്തുപ്പാനായിട്ടില്ലെന്ന് ഇപ്പോഴും സങ്കടത്തോടെ ഓര്‍ക്കുന്നു.ചെറുപ്പം മുതലേ ഒട്ടുമുക്കാല്‍ നോമ്പുകളും നോറ്റിട്ടും.)

നോമ്പുകാലത്ത് രാവിലെ മാത്രമേ മദ്രസയില്‍ പഠനമുണ്ടാവു. മദ്രസവിട്ട് എത്തിയാല്‍ ഞങ്ങളെ വിശ്രമിക്കാനനുവദിക്കും, മുതിര്‍ന്നവര്‍. ഉച്ചയ്ക്കുമുന്പ് കുളിക്കണമെന്നു മാത്രം. ഉച്ച കഴിഞ്ഞാല്‍ കുളി സമ്മതിച്ചിരുന്നില്ല.

 ആണ്‍കുട്ടികളെല്ലാം കുളിച്ചു പള്ളിയില്‍ പോകണമെന്ന് ഉപ്പയ്ക്ക് നിര്‍ബന്ധമാണ്‌. 'ളുഹര്‍' നമസ്കരിച്ച്  ഖുര്‍ആന്‍  ഓതിയാല്‍ പള്ളിയില്‍ തന്നെ ഉറങ്ങാം.'അസര്‍ ബാങ്ക്' വിളിക്കും വരെ.

പെണ്‍കുട്ടികള്‍ വീട്ടില്‍ നിസ്കരിച്ചാല്‍ മതി. ഖുര്‍ആന്‍  ഓതിയാല്‍ ഞങ്ങള്‍ക്കും  കിടന്നുറങ്ങാം.'അസര്‍ ബാങ്ക്' കേട്ടാല്‍ 'വുളു' എടുത്ത് നിസ്കാരക്കുപ്പായമിട്ടുകൊള്ളണം.

പിന്നെയുമുണ്ടല്ലോ, 'മഗ് രിബ്' വരെ. എന്നാലല്ലേ നോമ്പ് തുറക്കാന്‍ പറ്റു. അതുവരെ ഉറങ്ങാന്‍ പാടില്ല താനും.

അതിനാണ് ഇസ്‌ലാമിക ചരിത്ര പുസ്തകങ്ങള്‍. റംസാന്‍ ആകുമ്പോഴേക്ക് ധാരാളം പുസ്തകങ്ങള്‍ ഉപ്പ വാങ്ങിവെയ്ക്കും. പോരാത്തതിന് വല്യമ്മായി കഥ പറഞ്ഞു തരികയും ചെയ്യും.
ബദര്‍ യുദ്ധത്തിന്റെയും ഉഹ്ദ് യുദ്ധത്തിന്റെയും കഥകള്‍. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കിസ്സ നീട്ടിപ്പാടുകയും ചെയ്യും വല്യമ്മായി.

ഉമ്മമാര്‍ക്കും ഇത്താത്തമാര്‍ക്കും ഇതിനൊക്കെ എവിടെ നേരം?തിരക്കോട് തിരക്കാണ് അടുക്കളയില്‍. അരയ്ക്കല്‍, ഇടിക്കല്‍, വറുക്കല്‍, പൊരിക്കല്‍..

തലോമ്പല്ലേ.., തൊറ ഉഷാറാക്കാതെ പറ്റോ..?

പത്തിരി, പൂരി, തരിക്കഞ്ഞി,അലീസ, പുഴുക്ക്, കോഴിച്ചാര്‍, ഇറച്ചി.. എന്തെല്ലാം ഒരുക്കണം! പഴവര്‍ഗങ്ങള്‍ വേറെയും.

'അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍.
അഷ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലഹ്..'

തുറയ്ക്കുള്ള ഒരുക്കങ്ങളായി. 'എല്ലാരും നോമ്പ് തൊറന്നോളീ...'

ബാങ്ക് കേട്ടാലും ഉപ്പ പറഞ്ഞാലേ വിശ്വസാവു.  ബിസ്മി ചൊല്ലി മൂന്നു ചുള കാരയ്ക്ക..
'അല്ലാഹുമ്മ ലക സുംതു വ അലാ റിസ്കിക അഫ്തര്‍ത്തു ..'

റബ്ബേ.. ഒരു ദിവസത്തെ നോമ്പ് മുഴുവനായല്ലോ.. അല്‍ഹംദ് ലില്ലാഹ്..

ഉപ്പയ്ക്കും ഇക്കാക്കമാര്‍ക്കും കോലായിലാണ് തുറ.  ഞങ്ങള്‍ക്ക് നടുവകത്തും. മുന്നിലുള്ള ഒജീനങ്ങള്‍ കാണുമ്പോഴേക്കും , സത്യം പറഞ്ഞാല്‍, വിശപ്പ് കെട്ടുപോവുകയാണ്‌ ചെയ്യാറ്. ചായയും സര്‍ബത്തും ആവോളം മോന്തും. 'നാളെയും നോല്‍ക്കണമെങ്കില്‍ നന്നായി തിന്നോ' ന്ന് ഉമ്മയുടെ ഭീഷണി കേള്‍ക്കുമ്പോള്‍ ഒന്നോ രണ്ടോ പത്തിരിയും.

നോമ്പ് തുറന്ന്, മഗരിബ്, ഇഷാ നിസ്കാരങ്ങളും തറാവീഹും കഴിഞ്ഞ്‌, ഒട്ടൊരു തളര്‍ച്ചയോടെ കിടക്കപ്പായിലേക്ക്. 

"നോമ്പ് എത്രയായീ, കുഞ്ഞീബീ..?"
"ബായിലെത്തീതും കൂട്ടി ഇരുപത്തൊന്ന്"

"റഹ് മാനേ..പോരിശാക്കപ്പെട്ട  മാസം തീരാണല്ലോ... ഇനി ഏറിയാ ഒമ്പത്. അതും കഴിഞ്ഞാ അടുത്തവർഷം കാക്കണം.എന്തൊരു പോക്കാണ് കാലത്തിന്. 

ഇതാ, നാളെയോ മറ്റന്നാളോ, പിന്നെയും നാട്ടിലെ ആണുങ്ങള്‍ മുഴുവന്‍ പള്ളിയിലെ റേഡിയോയ്ക്ക് മുന്നില്‍ കാതുകൂര്‍പ്പിക്കും. ശവ്വാല്‍പ്പിറവിയ്ക്കായി..  

'ആകാശവാണി.. ശവ്വാല്‍ മാസപ്പിറവി കണ്ടതായി...'

 'അത്താഴം മുട്ടി'കള്‍ക്കു പകരം പെരുന്നാളറിയിക്കാനുള്ള നീട്ടിക്കൂവലായിരിക്കും പിന്നെ... തക്ബീര്‍ വിളികളും.

"അള്ളാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍ 
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വാ ലില്ലാഹില്‍ ഹംദ് "

എല്ലാം എത്ര വേഗം!

കാലവും പടിയിറങ്ങിപ്പോവുകയാണ് 
'അത്താഴം മുട്ടി'കള്‍ക്കൊപ്പം!!





2012, മാർച്ച് 8, വ്യാഴാഴ്‌ച

രവീന്ദ്രവന്ദനം


രവീന്ദ്രവന്ദനം 



"എന്‍റെ ദൈവമേ.. ഒറ്റ പ്രണാമത്തില്‍ എന്‍റെ ഇന്ദ്രിയങ്ങളൊക്കെ ചിറകു വിരിച്ച് അങ്ങയുടെ ചരണങ്ങളിലെ ഈ ലോകത്തെ സ്പര്‍ശിക്കട്ടെ..
പെയ്യാമഴയുടെ ഭാരത്താല്‍ ചാഞ്ഞ ആഷാഡമേഘം പോലെ അങ്ങയുടെ വാതില്‍ക്കല്‍ എന്‍റെ ചിത്തമാകെ ഒരൊറ്റ പ്രണാമത്തില്‍ കുമ്പിടട്ടെ..
(ഗീതാഞ്ജലി )




രവീന്ദ്ര സംഗീതത്തിന്‍റെ ഈ അനന്തസാഗര അലയൊലി ആ ഒറ്റ പ്രണാമത്തില്‍ ലയിച്ചു ചേര്‍ന്നിട്ട് 70 വത്സരങ്ങള്‍ പിന്നിടുന്നു. ദൈവത്തെ കാണാന്‍, പൂജാമുറിയില്‍ നിന്നിറങ്ങി, പാടത്തെ ചെളിയില്‍ വിയര്‍പ്പൊഴുക്കുന്നവന്‍റെ കൂടെച്ചേരാന്‍ ആഹ്വാനം ചെയ്ത ആ മഹാനുഭാവന്‍റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിലാണ് ഇന്ത്യന്‍ ദേശീയത.


രവീന്ദ്രനാഥ ടാഗോര്‍ -1861 മേയ് 7  ന് കല്‍ക്കത്തയിലെ അതിപുരാതനവും കുലീനവുമായ ജോരാഷങ്കോ ഭവനത്തില്‍ സര്‍വ സൌഭാഗ്യങ്ങളോടെ, പ്രഭുകുമാരനായുള്ള ജനനം. കുഞ്ഞുടാഗോര്‍ ജനിച്ചുവളര്‍ന്ന ആ പഴയ മൂന്നുനില മാളികയും പരസരങ്ങളുമെല്ലാം  പിന്നീട് മഹാകവിയുടെ പേരില്‍ നടത്തിവരുന്ന 'രവീന്ദ്രഭാരതി' സര്‍വകലാശാലയുടെ ഭാഗമായി മാറി. ആ മഹാത്മാവിന്‍റെ പ്രാണവായു ലയിച്ചുചേര്‍ന്ന ഭവനത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം ഒരു മഹാക്ഷേത്രകോവിലിന്‍റെ പരിശുദ്ധിയോടെ ഇന്നും പരിരക്ഷിക്കപ്പെടുന്നു. അനേകായിരങ്ങള്‍ ദിനേന സന്ദര്‍ശത്തിനെത്തുന്നു.


അഭൗമമായൊരു തേജസ്സോടെ, കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണങ്ങളിലും  നിറഞ്ഞുനിന്ന അത്യപൂര്‍വ സുന്ദര വ്യക്തിത്വമായിരുന്നു ടാഗോര്‍. സമ്പദ്സമൃദ്ധിയുടെ ശൈശവം. സംഗീതവും സാഹിത്യവും നിറഞ്ഞുപെയ്തിരുന്ന അകത്തളങ്ങള്‍. കലയും  കവിതയും കരുത്തേകിയ ഉമ്മറസദസ്സുകള്‍. എഴുതുന്ന ഓരോ വരികളും പ്രസിദ്ധീകരിക്കാന്‍ കാത്തുനില്‍ക്കുന്ന കുടുംബം വക പത്രമാസികകള്‍. സര്‍ഗവാസനയുടെ ഓരോ നാമ്പിനും വളവും വെള്ളവുമേകി പരിപോഷിപ്പിക്കാന്‍ ഉത്പതിഷ്ണുക്കളായ അച്ഛനും ഏട്ടന്മാരും ചുറ്റും.. ടാഗോര്‍ കുടുംബം തന്നെ ഒരു സാഹിത്യക്കളരിയായിരുന്നു. കൊച്ചുടാഗോറില്‍ കവിത മുളപൊട്ടിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. അതങ്ങനെതന്നെ സംഭവിച്ചു. മുളപൊട്ടിയെന്നു മാത്രമല്ല, പടര്‍ന്നു പന്തലിച്ചു വന്‍മരമായി, രവീന്ദ്രസംഗീതമായി, വിശ്വമാകെ അലയടിച്ചു, ആ നാദപ്രവാഹം!


പതിനാലാംവയസ്സില്‍, ആശയഭംഗിയും ചമല്കാരപ്രസന്നമായ ശൈലിയും സംഗീതമാധുരിയും വഴിഞ്ഞൊഴുകിയ ആദ്യകവിത, 'കവികഹാനിയാം' ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍, സുരേന്ദ്രനാഥ ബാനര്‍ജി, തുടങ്ങിയവരുള്‍പ്പെട്ട അതിപ്രൌഡസദസ്സില്‍ അവതരിപ്പിക്കാനായി, ടാഗോറിന്..


അതോടെ ഒരതിമാനുഷ കവിതാസങ്കല്പം പിറവിയെടുക്കുകയായിരുന്നു. വേദവ്യാസ മഹര്‍ഷി ഹിമാലയ കൊടുമുടിയിലേറി നിന്ന് ഭാരതഭൂമിയുടെ ദയനീയമായ അധ:പതനമോര്‍ത്ത് വിലപിക്കുന്നതായിരുന്നു കവിതയുടെ ആശയം.


മടിയനായിരുന്നു ടാഗോര്‍, സ്കൂളില്‍ പോയി പഠിക്കാന്‍. അലയാനായിരുന്നു ഇഷ്ടം. മലയിലൂടെ, പുഴയരികിലൂടെ, കാനനഭംഗിയിലൂടെ... ബാല്യത്തില്‍തന്നെ ഹിമാലയപ്രാന്തങ്ങളിലെ പ്രശാന്ത ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം കിട്ടിയിട്ടുണ്ട്, ടാഗോറിന്.. ആകാശനീലിമ നോക്കിക്കണ്ട്‌ വെറുതെ കിടക്കുകയായിരുന്നു മറ്റൊരു വിനോദം. അങ്ങനെ ഔപചാരിക വിദ്യാഭ്യാസം വീട്ടില്‍തന്നെയായി.. ബാല്യം വിട്ടപ്പോള്‍ ഏട്ടന്‍റെ നിര്‍ബന്ധം കാരണം ഇംഗ്ലണ്ടില്‍ പഠനത്തിനു ചേര്‍ന്നെങ്കിലും ബിരുദമൊന്നും പേരില്‍ ചേര്‍ക്കാതെ വൈകാതെ തിരിച്ചുപോരുകയും ചെയ്തു.


ഇരുപത്തിരണ്ടാം വയസ്സില്‍, വധുവായി ജീവിതത്തിലെക്കെത്തിയ ഭാവതാരിണിയെന്ന ലോലഗാത്രിയുടെ രൂപം കണ്ട്, 'മൃണാളിനി (താമരവളയം) എന്ന് പെരുമാറ്റിയതും ടാഗോരിലെ കവിഹൃദയം. പക്ഷെ, പറക്കമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെ ടാഗോറിന്‍റെ കൈകളിലേല്‍പിച്ചു 1905 ല്‍ മൃണാളിനി ദേവി ജീവിതാരങ്ങ്‌ ഒഴിഞ്ഞു..


ഉദയഗ്ഗാന പ്രകാശ കലയാ-
ലുജ്ജ്വല ശോഭം ഭുവനം
അലിയിക്കുന്നു സിരകളെയീസ്വര
 ഗംഗാസരഭസഗമനം
പാടണമെന്നുണ്ടീ രാഗത്തില്‍
പാടാന്‍ സ്വരമില്ലല്ലോ..
പറയണമെന്നുന്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ..
പ്രാണനുറക്കെക്കേണീടുന്നു
പ്രഭോ, പരാജിത നിലയില്‍..


എന്തൊരു പ്രൌഡമായ ആഖ്യാനം ! കാവ്യലോകത്തിന്‍റെ  നിത്യവിസ്മയങ്ങളിലൊന്നാണ് ഗീതാഞ്ജലി. കാലാതിവര്‍ത്തിയായ ആ സൗന്ദര്യദര്‍ശനവും ആവിഷകരണ സാരള്യവും ആദരവോടും, അതിലേറെ അവിശ്വാസത്തോടെയും മാത്രമേ ആസ്വദിക്കാനാവൂ.  ഗഹനതയുടെയും ലാളിത്യത്തിന്‍റെയും സവിശേഷമേളനം.. ആദ്യമായി നോബല്‍ സമ്മാനം ഏഷ്യയിലേക്കെത്തിച്ച അതിമനോഹര ഈശ്വര പ്രണയ ഗീതികള്‍. പൂജാമുറിയും ശുഭ്രവസ്ത്രവും ഉപേക്ഷിച്ച്, അധ്വാനിക്കുന്നവനിലേക്കിറങ്ങൂ, ഈശ്വരനെ കാണാന്‍ എന്ന് പുരോഹിതരെ വെല്ലുവിളിച്ച വിപ്ലവചിന്ത.. സാഹിത്യലോകം നമിച്ച കല്പനാവൈഭവം..


കവിതയും സംഗീതവും സാഹിത്യവും മാത്രമായിരുന്നില്ല, രവീന്ദ്രന്‍റെ പന്ഥാവ്.. ഉജ്ജ്വലനായ പ്രാസംഗികന്‍, സാമൂഹ്യ പരിഷ്കര്‍ത്താവ്‌, ഗുരുകുല വിദ്യാഭ്യാസത്തിന്‍റെ പുനര്‍പതിപ്പായ ശാന്തിനികേതന്‍റെ സ്ഥാപകന്‍, പ്രചാരകന്‍, ലോക സഞ്ചാരി, രാഷ്ട്രത്തിന്‍റെ സന്ദേശവാഹകന്‍.. അങ്ങനെയങ്ങനെ സഫലമായൊരു ജന്മം!!
ടാഗോറിന്‍റെ വിശ്വഭാരതി സര്‍വകലാശാല ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പ്രാചീനഭാരതത്തിലെ കലാസംസ്കാരങ്ങളുടെ കവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടണം. മറ്റുള്ളവരുടെത് ഇങ്ങോട്ടും കടന്നുവരണം. അവിടെ വേദേതിഹാസങ്ങളും ഹിന്ദു ശാസ്ത്രങ്ങളുമെന്നപോലെ ബുദ്ധ-ജൈന-ഇസ്‌ലാം ധര്‍മങ്ങളും തത്വ ശാസ്ത്രങ്ങളും ഉയര്‍ന്ന നിലവാരത്തില്‍ പഠനവിഷയങ്ങളാകുന്നു .
'യത്ര വിശ്വ ഭാവത്യേക നീഡം' ഇതാണ് വിശ്വഭാരതിയുടെ മുഖമുദ്ര.


ജന്മം സാര്‍ത്ഥകമാക്കിയാണ്, കാലദേശങ്ങളെ കീഴടക്കിയ ആ യുഗപുരുഷന്‍ യാത്രയായത്. പിതാവ് ദേവേന്ദ്ര നാഥ ടാഗോരിനെപ്പോലെ. ഇന്ത്യ സ്വതന്ത്രയാകുന്നതിന്  ആറു വര്‍ഷം മുന്‍പ്, 1941 അഗസ്റ്റ് 7 ന് ശാന്തിനികേതനത്തിലെ, മൂകമായ, ദു:ഖസാന്ദ്രമായ  മധ്യാഹ്നത്തില്‍,  ഒരു പുരുഷായുസ്സിന്‍റെ കര്‍മഫലങ്ങള്‍ സാക്ഷിയാക്കി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ മൃത്യുവിനു കീഴടങ്ങി. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ പരമാധികാര ജനാധിപത്യ രാജ്യമായപ്പോള്‍, ടാഗോറിന്‍റെ ബംഗാളിഗീതം 'ജനഗണമന' ഇന്ത്യന്‍ ദേശീയഗാനമായി  പ്രഖ്യാപിച്ചുകൊണ്ട് ആ മഹാനുഭാവന്‍റെ ദീപ്തസ്മരണയ്ക്കുമുന്നില്‍ ശിരസ്സ്‌ നമിച്ചു..


....ജയ ജയ ജയ ജയഹേ....





എന്‍റെ ബാല്യം 
ഒരു വട്ടത്തിനുള്ളിലായിരുന്നു..
ഏട്ടന്മാരിലാരോ 
മുറ്റത്തെ പൂഴിമണ്ണില്‍ വരച്ച 
വെറുമൊരു ചെറുവട്ടത്തിനുള്ളില്‍..

ലക്ഷ്മണരേഖയ്ക്കുള്ളിലെ സീതക്കുട്ടിയെന്ന്
അച്ഛന്‍ കളിയാക്കിച്ചിരിച്ച്ചു 
മാരീചനാരെന്നരിയാഞ്ഞിട്ടും
വട്ടത്തിനു പുറത്തിറങ്ങാനാകാതെ
കുന്തിച്ചിരുന്നു കരഞ്ഞു 
ആ അഞ്ചുവയസ്സുകാരി !
ഞാനെന്ന പേടിക്കാരി !!

വെറുമൊരു വട്ടം മാത്രമാണതെന്നും
പുറത്തിറങ്ങി  നടക്കെന്നും  
ആവോളം  പറഞ്ഞു, അമ്മ 
കൈ  പിടിക്കാനേന്തി,  ചേച്ചിമാര്‍ 

പക്ഷെ,
പുറത്തിറങ്ങാന്‍  തുനിഞ്ഞ  
കുഞ്ഞുകാല്‍ 
വിറപൂണ്ട്...
'ഇല്ലമ്മേ, ആരെങ്കിലും മായ്ക്കണേ, ഈ വട്ടം....'
അച്ഛന്‍റെ ഈര്‍ഷ്യ പാഴ്വാക്കായി..
അമ്മുമ്മ മെല്ലെ പിറുപിറുത്തു 
'എന്തു വിഡ് ഡിയാണിക്കുട്ടി!!'
ഒടുവില്‍ ആരോ മായ്ച് 
ഇല്ലാതായ വട്ടത്തിലേക്കു തിരിഞ്ഞുനോക്കി 
നിന്നു കിതച്ചു ഞാന്‍ "ഹാവൂ....!"

കളി മതിയാക്കി  കാണികള്‍ പിരിഞ്ഞു
കളിയില്‍ രസംപൂണ്ട ഏട്ടന്മാര്‍ 
പിന്നെയും പിന്നെയും  
വട്ടങ്ങള്‍ തീര്‍ത്തു
ചുറ്റിലും മുതിരും വരെ..

വട്ടങ്ങള്‍ കാണുമ്പോള്‍ 
ഏട്ടനെ കാണുമ്പോള്‍ 
ഓടിയോളിച്ചോരാ ബാല്യം 
മറഞ്ഞേ പോയ്‌..

മുതിര്‍ന്നു ഞാന്‍ (?) എങ്കിലും 
ആരോ വരച്ചൊരദ്ര്ശ്യമാം ആ വട്ടം 
അങ്ങനെ തന്നെയെന്‍ ചുറ്റിലും
മായാതെ ആരാലും മായ്ക്കാതെ 
ഇന്നും അശാന്തിയായ്‌...

എനിക്ക് ശ്വാസം മുട്ടുന്നു..!
ഒന്നീ വട്ടം മായ്ക്കുമോ?
സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
പുറത്തിറങ്ങണം, 
ഇല്ലാവട്ടത്തെ തിരിഞ്ഞു നോക്കി 
കിതയ്ക്കണം,
എനിക്ക്, മതിയാവോളം..!