2021, ജൂൺ 6, ഞായറാഴ്‌ച

കൊല്ലം കുറേയായി.കുറേയെന്നു പറഞ്ഞാല് പോരാ, മൂന്നു പതിറ്റാണ്ടാവുന്നു.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽഡിഗ്രി ഒന്നാംവർഷമായിരുന്നു ഞാനന്ന്. നാട്ടിൻപുറത്തുനിന്നും നഗരപരിഭ്രാന്തിയിലേക്ക് അറച്ചറച്ചു കാൽവയ്ക്കുന്നതേയുള്ളൂ.
ഷിഫ്റ്റാണ്. ഉച്ചയ്ക്ക് ഒന്നരവരെയേ ക്ലാസ്സുണ്ടാവൂ. ക്ലാസ്സ് വിട്ടാൽ വയനാട് റോഡിൽ ഫാത്വിമ ഹോസ്പിറ്റലിനെതിരെയുള്ള പോക്കറ്റ് റോഡിലൂടെ നടന്ന് മാവൂർ റോഡിലെത്തിയാണ് നാട്ടിലേക്കുള്ള ബസ്സ് കയറാറ്.
മാവൂർ റോഡ് പൊതുശ്‌മശാനത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴൊക്കെ രണ്ടു ചേച്ചിമാർ പതിവായി എന്നോടു മിണ്ടുമായിരുന്നു. വരണ്ടുകീറിയ ചുണ്ടിൽ ചായം തേച്ച്, മുഖത്തെ കലകൾ പൗഡർ കൊണ്ടു മായ്ക്കാൻ ശ്രമിച്ച്, അനാകർഷകമായ, ജീവനില്ലാത്ത കണ്ണുകളിൽ, മനുഷ്യസഹജമല്ലെന്ന് എനിക്കു തോന്നിയൊരു മടുപ്പിക്കുന്ന വികാരവും മണവുമായി രണ്ടുപേർ.
മെലിഞ്ഞുണങ്ങിയ ദേഹത്ത് നിറംമങ്ങിയ കസവുസാരി ചുറ്റിയിട്ടുണ്ടാവും. കടുത്ത വർണങ്ങളായിരുന്നു ഒരിക്കലതെന്ന് ഒറ്റക്കാഴ്ചയിലറിയാം.
പലപ്പോഴും സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അവരെങ്ങോട്ടോ മറയും. പറഞ്ഞും പറയാതെയും.
അങ്ങനെയൊരു ദിവസം അവരെന്നോട് സംസാരിച്ചു പോയശേഷം
എതിർഭാഗത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഡ്രൈവർ ഏട്ടൻ റോഡ് മുറിച്ചുകടന്നുവന്ന് ചോദിച്ചു. 'അവരാരെന്ന് അറിഞ്ഞിട്ടാണോ കുട്ടി മിണ്ടുന്നത്?'
സത്യത്തിൽ എനിക്കവരുടെ പേരോ ഊരോ ഒന്നും അറിയില്ലായിരുന്നു. ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
ആ ഏട്ടൻ എന്നോടൊന്നുകൂടി ചേർന്നുനിന്ന് പതുക്കെ പറഞ്ഞു, "അവര് prostitutes ആണ്. ആളറിഞ്ഞിട്ടാണ് കുട്ടി മിണ്ടുന്നതെങ്കിൽ ധൈര്യമായി മിണ്ടിക്കോളൂ ട്ടോ... അവരൊക്കെ മനുഷ്യരാണ്."
Prostitute എന്ന പദംപോലും എനിക്കന്ന് പരിചിതമല്ല. വീട്ടിലെത്തുന്നതുവരെ അതുതന്നെയായിരുന്നു ചിന്ത. എത്തിയയുടനേ തപ്പിയെടുത്ത നിഘണ്ടുവിൽ അന്നു കിട്ടിയ വാക്കിന് വേശ്യ, ഗണിക എന്നൊക്കെ അർത്ഥം കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. രണ്ടു കാര്യങ്ങളിൽ.
ഒന്ന്, എന്റെ കണ്ണിലെ വേശ്യ അന്നുവരെ മധുരാപുരിയിലെ വാരസുന്ദരി വാസവദത്തയായിരുന്നു. ഉത്തരമധുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിലെ വെണ്മനോജ്ഞ മാളികമുറ്റത്ത് നിതംബഗുരുതയാൽ നിലംവിടാൻ കഴിയാതെയിരിക്കുന്ന ആ ഗണികാസൗന്ദര്യപ്രതിഷ്ഠ അപ്പാടെ തകിടംമറിഞ്ഞുപോയതിന്റെ ഞെട്ടൽ. ഇവരെ ഒരുരീതിയിലും ആ തൊഴിലിനോടു ചേർത്തൂഹിക്കാൻ കഴിഞ്ഞില്ലെനിക്ക്.
രണ്ട്. കോളേജില് നിന്നിറങ്ങി തനിച്ചു നടക്കുന്ന വഴിനീളേ ഇത്തിരി അകലം പാലിച്ച്, എന്നാൽ തക്കംകിട്ടുമ്പോഴൊക്കെ അശ്ലീലആംഗ്യങ്ങള് കാണിച്ച് എന്റെ പുറകേ വരുന്ന ഒരുത്തനുണ്ടായിരുന്നു. ഞാൻ ബസ് കയറുന്നതുവരെ അയാളാ സ്റ്റോപ്പിലുണ്ടാവും എന്നും.
എനിക്കയാളെ കാണുന്നതേ അറപ്പായിരുന്നു. ഈ ചേച്ചിമാരോട് ഞാൻ മിണ്ടാന് തുടങ്ങിയതുതന്നെ അയാളെ പേടിച്ചായിരുന്നിരിക്കണം. പക്ഷേ, ചേച്ചിമാർ മാറിയാൽ പിന്നേയും അയാളെന്നെ ചുറ്റിപ്പറ്റും. പോരുന്നോ എന്നൊക്കെ വഷളൻ ചിരിയോടെ ചോദിക്കും. പാന്റിന്റെ സിപ്പിൽ കൈവച്ച് മേലോട്ടും താഴോട്ടും നീക്കും. ചുണ്ട് കടിക്കും. കേലയൊലിപ്പിക്കുന്ന പട്ടിയെയെന്നപോലെ പേടിയ്ക്കുകയും അറയ്ക്കുകയും ചെയ്തിരുന്നു ഞാനയാളെ.
(നട്ടുച്ചയ്ക്കായിട്ടും നഗരത്തിരക്കില് അനേകമാളുകളുടെ ഇടയിലായിട്ടും, ഏതോ ഒരു ആഭാസൻകാരണം അറപ്പും വെറുപ്പും ഭയവും കൊണ്ട്, താനെന്തോ തെറ്റുചെയ്തെന്നപോലെ, തലതാഴ്ത്തി, ബസ്സ് വേഗം വന്നിരുന്നെങ്കിലെന്നുമാത്രം പ്രാർത്ഥിക്കുന്ന പെണ്കുട്ടിയെ ആണുങ്ങള്ക്ക് എന്നെങ്കിലും മനസ്സിലാവുമോ എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇല്ലെന്നാണെനിക്കു തോന്നുന്നത്.)
Prostitute ന്റെ അർത്ഥമറിഞ്ഞപ്പോള് കൂടുതല് ഭയപ്പെട്ടത് അതാണ്. ഒരുപക്ഷേ, ഈ ചേച്ചിമാരോടു മിണ്ടുന്നതുകണ്ടാവണം അയാളെന്നോട് വൃത്തികെട്ട ആംഗ്യങ്ങള് കാണിച്ചത്.
പിറ്റേന്ന് മുതൽ ഞാനാ ചേച്ചിമാരോട് കൂടുതല് തെളിഞ്ഞു ചിരിച്ചു സംസാരിച്ചിരുന്നു. അത്ഭുതം അതല്ല. ആ വഷളനെ പെട്ടെന്നു കാണാതായി. എന്തായാലും അതു നല്കിയ ആശ്വാസം കുറച്ചൊന്നുമല്ല.
ആ ഡ്രൈവർ ഏട്ടനെ പിന്നീട്, ഒട്ടും പ്രതീക്ഷിക്കാതെ, കാണുന്നത്
സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നിലെ മാഞ്ചോട്ടില് മുതിർന്ന സഖാക്കളോടു സംസാരിക്കുന്നതാണ്. കോളേജില് സയൻസ് ബ്ലോക്കിനു പുറകിലെ ചെറിയ ഗേറ്റിറങ്ങി കണ്ണൂർ റോഡ് മുറിച്ചുകടന്നാൽ പാർട്ടി ഓഫീസായി. ബിരുദപഠനത്തിലെ മൂന്നുവർഷങ്ങളിൽ ഒഴിവുനേരങ്ങളിലൊക്കെ ലൈബ്രറിയിലെന്നപോലെ പോയിരിക്കുന്ന ഇടമായിരുന്നു എനിക്കത്. തീർച്ചയായും സഹാനുഭൂതിയുടെ ഇടതുമനസ്സ് എനിക്കു പാകപ്പെട്ടത്, പരസ്പരം മാനിച്ചു കൊണ്ടുള്ള ആണ്-പെണ് സൗഹൃദം അനുഭവിച്ചത്, ഒക്കെ അവിടെനിന്നാണ്.
എന്നെ കണ്ടപ്പോള് തെളിഞ്ഞുചിരിച്ച് അഭിവാദ്യം ചെയ്തശേഷം സഖാവ് ഏട്ടൻ അവരുടെ സംസാരത്തിലേക്ക് തിരിഞ്ഞു. ഇത്തിരി മാറി ഞാനവരെ കേട്ടുകൊണ്ടിരുന്നു. ചന്തമുള്ള, സുഗന്ധം പരത്തുന്ന മുഖമായിരുന്നു ആ ഏട്ടന്. കണ്ടപ്പോഴൊക്കെ നെറ്റിയില് ചന്ദനക്കുറിയുണ്ട്. കരുതലിന്റെ സ്പർശം എന്നൊക്കെയാണ് ആ കാക്കിക്കുപ്പായത്തിനെ അന്നെനിക്കു തോന്നിയത്.
തിരിച്ചുപോവുമ്പോഴും കൈവീശി എന്നെ അഭിവാദ്യം ചെയ്തത് ചിരിച്ചുകൊണ്ടു കണ്ടുനിന്നു ഞാൻ. എനിക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നെന്നു തോന്നുന്നു അന്ന്.
ബിരുദം കഴിഞ്ഞ് എം.സി.സിയുടെ പടിയിറങ്ങി പിന്നെയും കൊല്ലങ്ങള്ക്കുശേഷമാണ് ഞാനാ സഖാവ് ഏട്ടനെക്കുറിച്ചു വീണ്ടും കേള്ക്കുന്നത്. തീരേ വയ്യാതെ കിടപ്പിലാണെന്നും പ്രതീക്ഷയില്ലെന്നും തെക്കെങ്ങോ ആണ് നാടെന്നും അങ്ങോട്ടു കൊണ്ടുപോയെന്നുമൊക്കെ.
കൂട്ടത്തിലൊന്നുകൂടിയറിഞ്ഞു. അന്ന്, ആ വൃത്തികെട്ട വഷളനെ അവിടെനിന്ന് തുരത്തിയത് സഖാവ് ഏട്ടനും കൂട്ടരുമായിരുന്നത്രേ. ബസ് സ്റ്റോപ്പിലുള്ള പെണ്കുട്ടികളുടെനേരെ സവിശേഷമായൊരു ശ്രദ്ധ പുലർത്തിയിരുന്നുവത്രേ ഓട്ടോ ഡ്രൈവർമാർ. ആ കരുതലാണ് എനിക്കുമന്ന് കിട്ടിയത്.
ഞാനോർക്കുകയാണ്, പിന്നീടും പലകുറി റോഡിനപ്പുറമായി കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ആ അവകാശവാദം സൂചിപ്പിച്ചിട്ടുപോലുമില്ല സഖാവ്. വേണമെങ്കിൽസമർത്ഥമായി മുതലെടുക്കാമായിരുന്നു. ഏതുവിധേനെയും ചൂഷണം ചെയ്യാമായിരുന്നു. കാരണം, നഗരത്തിരക്കിൽ തനിച്ചായൊരു കൗമാരക്കാരിയെ, ദിനേന സഹിക്കേണ്ടിവരുന്ന അറപ്പിൽനിന്നും സ്വയംസങ്കോചത്തിൽ നിന്നും പുറത്തെത്താത്ത തേട്ടിത്തുപ്പലുകളിൽ നിന്നും രക്ഷിച്ച ആളുടെ മുന്നിൽ തൊഴുകൈയുമായി നിന്നേനേ ആ വിവരമറിഞ്ഞിരുന്നെങ്കിൽ അന്നവള്. അയാള് പറയുന്നതെന്തും വേദവാക്യമായേനേ അവള്ക്ക്.
ഇന്നിപ്പോള്, ഈ രാത്രി എന്തിനിതൊക്കെയെന്നു ചോദിച്ചാൽ,
അദ്ദേഹം ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നറിയില്ല. പക്ഷേ, അരിവാള് ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ സഖാവെന്നു ചേർത്ത് പോസ്റ്ററുകളിൽ കാണുന്ന മുഴുവൻ മുഖങ്ങളിലും എനിക്കാ ഏട്ടനുണ്ട്.
തൊഴിലറിഞ്ഞു മാറിനില്ക്കേണ്ട ചങ്ങാത്തമെങ്കിൽ അങ്ങനെയായിക്കോളൂ എന്ന സൂക്ഷ്മതയുടെ ഓർമിപ്പിക്കൽ, അതിനപ്പുറം, തൊഴിലേതായാലും മനുഷ്യരാണെന്നും ചേർത്തുപിടിയ്ക്കണമെന്നുമുള്ള ബോധ്യപ്പെടുത്തൽ. അതും നഗരവും നാട്യങ്ങളുമറിയാത്തൊരു തട്ടക്കാരിയോട്. അവിടെയും "ധൈര്യമായി മിണ്ടിക്കോളൂ ട്ടോ..." എന്ന കരുതലും വാത്സല്യവും. ട്രാൻസ്ജെന്ഡറുകളിൽ നിന്നും വേശ്യകളിൽ നിന്നുമൊക്കെ സമൂഹം അവജ്ഞയോടെ മുഖംതിരിച്ചിരുന്ന, അവർക്കുവേണ്ടി സംസാരിക്കാൻ സാംസ്കാരിക നായകരോ സംഘടനകളോ ഇല്ലാതിരുന്ന അക്കാലത്ത് ഒരു സഖാവിൽനിന്നുമാത്രമേ ഈ ആർജ്ജവം ഉണ്ടാവൂ എന്നു ഞാൻ വിശ്വസിക്കുന്നു.
അന്നുറച്ച ബോധ്യമാണത്. അപൂർവ്വമായി അപവാദങ്ങളുണ്ടാവുമ്പോഴൊക്കെ
DYFI എന്ന യുവജനപ്രസ്ഥാനത്തിന്റെ പൊതിച്ചോർ വിതരണവും ആശുപത്രിയിലെ കൂട്ടിരിക്കലും രക്തം നല്കലും ആക്രിപെറുക്കി ദുരിതാശ്വാസനിധിയെ സമ്പന്നമാക്കലുമൊക്കെ വീണ്ടും ബലം നല്കും.
മാർക്സിയൻ ദർശനങ്ങള് വായിക്കുകയോ കേള്ക്കുകയോ ചെയ്യുന്നതിനുമുമ്പേ നേരിലറിഞ്ഞ ഈ ബോധ്യം കൊണ്ടുകൂടിയാണ് ഇടതുചേർന്നു മത്സരിക്കുന്നവരെല്ലാം വിജയിച്ചുവരണമെന്ന് ഞാന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നത്. പ്രിയമുള്ളവർ ഒരുപാടുപേരുണ്ട് തെരഞ്ഞെടുപ്പുഗോദയിൽ. എല്ലാവർക്കും വിജയാശംസകള്!🌹
(പരിചയമുള്ളവരെ തപ്പിപ്പിടിച്ച് ആ സഖാവ് ഏട്ടന് വിവരങ്ങളറിയാന് ശ്രമിക്കാത്തതിൽ കടുത്ത നിരാശയും കുറ്റബോധവും പലപ്പോഴുമെന്നപോലെ ഇതെഴുതുമ്പോഴും കുത്തിനോവിക്കുന്നുണ്ട്. 😔അദ്ദേഹത്തെ അറിയുന്ന ആരെങ്കിലും ഇത് വായിച്ചിരുന്നെങ്കിൽ!)
സകീന ഫൈസൽ

1 അഭിപ്രായം: